എല്ലാവരും യോഗ ജീവിതചര്യയുടെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്താമത് അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് കശ്മീരിലെ ശ്രീനഗറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ പ്രാക്ടീസ് ചെയ്യുന്നവരുടെ എണ്ണം ലോകത്ത് അതിവേഗം കുതിച്ചുയരുകയാണ്. ഉത്തരാഖണ്ഡ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ യോഗാ ടൂറിസം നമ്മള്‍ ഇപ്പോള്‍ കാണുന്നു. ആധികാരികമായ യോഗ ലഭിക്കാന്‍ ആളുകള്‍ ഇന്ത്യയിലേക്ക് വരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭൂതകാലത്തിന്റെ ഭാണ്ഡക്കെട്ടുകള്‍ വഹിക്കാതെ വര്‍ത്തമാനകാലത്ത് ജീവിക്കാന്‍ ആളുകളെ സഹായിക്കുന്നതിനാല്‍ ആഗോള നന്മയുടെ പ്രതീകമായാണ് ലോകം യോഗയെ കാണുന്നത്. യോഗയിലൂടെ നാം നേടുന്ന ഊര്‍ജ്ജം ശ്രീനഗറില്‍ നമുക്ക് അനുഭവിക്കാന്‍ കഴിയും. യോഗ ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കും ലോകത്തിന്റെ എല്ലാ കോണുകളിലും യോഗ ചെയ്യുന്ന ആളുകള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. അന്താരാഷ്ട്ര യോഗ ദിനം 10 വര്‍ഷത്തെ ചരിത്ര യാത്ര പൂര്‍ത്തിയാക്കി.
2014-ല്‍ താന്‍ ഐക്യരാഷ്ട്രസഭയില്‍ അന്താരാഷ്ട്ര യോഗാദിനം നിര്‍ദ്ദേശിച്ചു. ഇന്ത്യയുടെ ഈ നിര്‍ദ്ദേശത്തെ 177 രാജ്യങ്ങള്‍ പിന്തുണച്ചു, ഇത് തന്നെ ഒരു റെക്കോര്‍ഡായിരുന്നു. അതിനു ശേഷം യോഗ ദിനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. നമ്മള്‍ ഉള്ളില്‍ സമാധാനം ഉള്ളവരായിരിക്കുമ്പോള്‍, നമുക്ക് ലോകത്തില്‍ നല്ല സ്വാധീനം ചെലുത്താനും കഴിയും. സമൂഹത്തില്‍ നല്ല മാറ്റത്തിന്റെ പുതിയ വഴികള്‍ ഉണ്ടാക്കുകയാണ് യോഗ. വിദേശത്തു പോകുമ്പോള്‍ ലോകനേതാക്കള്‍ തന്നോട് യോഗയെക്കുറിച്ച് സംസാരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫ്രാന്‍സില്‍ നിന്നുള്ള 101 വയസ്സുള്ള വനിതാ യോഗ അധ്യാപികയ്ക്ക് ഈ വര്‍ഷം പത്മശ്രീ ലഭിച്ചു. അവര്‍ ഇന്ത്യയില്‍ വന്നിട്ടില്ല. എന്നാല്‍ യോഗയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് അവര്‍ തന്റെ ജീവിതം സമര്‍പ്പിച്ചു. ഇന്ന്, ലോകമെമ്പാടുമുള്ള സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും യോഗയെക്കുറിച്ചുള്ള ഗവേഷണം നടക്കുന്നു, ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നുവെന്ന് മോദി പറഞ്ഞു.
ജനങ്ങള്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് യോഗയെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (എസ്‌കെഐസിസി) പത്താമത് അന്താരാഷ്ട്ര യോഗാ ദിനാഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കി. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, കേന്ദ്ര ആയുഷ് മന്ത്രി പ്രതാപ്‌റാവു ഗണപത് റാവു യാദവ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
People come to India to do yoga